വെള്ളത്തിനടിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിൽ ഫയർഫോഴ്‌സിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നാട്ടുകാരായ മുങ്ങൽ വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്ട് രൂപവത്കരിച്ച അണ്ടർ വാട്ടർ റെസ്‌ക്യു വളണ്ടിയർമാർക്ക് അണ്ടർ വാട്ടർ ബ്രീതിംഗ് മാസ്‌ക്, ഓക്‌സിജൻ സിലിണ്ടർ, ഡൈവിംഗ് സ്യൂട്ട് അടക്കമുള്ളവ നൽകി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ യു.വി ജോസ് വളണ്ടിയർ മുജീബ് റഹ്മാനെ അണ്ടർ വാട്ടർ ബ്രീതിംഗ് മാസ്‌ക് അണിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. വളണ്ടിയർ ടീമിനും ഫയർഫോഴ്‌സിനും ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം അറിയിച്ച കളക്ടർ ഇത്തരമൊരു സേന കോഴിക്കോടിന് അത്യാവശ്യമാണെന്ന് പറഞ്ഞു. ഡാമുകളിലും പുഴകളിലും തീരപ്രദേശങ്ങളിലും പരിശീലനം നേടിയ യുവാക്കളുടെ വളണ്ടിയർ സേന രക്ഷാപ്രവർത്തനത്തിന് സന്നദ്ധരാവുന്നത്, നാടിന്റെ പ്രശ്‌നങ്ങളിലും ദുരന്ത സാഹചര്യങ്ങളിലും നാട്ടുകാർ കൂടി സജീവമായി ഇടപെടുന്നതിന്റെ മാതൃക സൃഷ്ടിക്കുന്നതായി കളക്ടർ പറഞ്ഞു.
മുക്കം പ്രദേശത്തെ പത്തോളം പഞ്ചായത്തുകളിലെ നാൽപതോളം സ്വയം സന്നദ്ധരായ യുവാക്കളെ ഉൾപ്പെടുത്തിയാണ് വളണ്ടിയർ ടീം ഉണ്ടാക്കിയത്. ഇവർക്ക് മീഞ്ചന്ത സ്‌കൂബ ടീം ആഴമുള്ള പുഴകളിൽ ഈയാഴ്ച മുതൽ പരിശീലനം നൽകും. പുഴകളിലും ജലാശയങ്ങളിലും അത്യാഹിതം ഫയർഫോഴ്‌സ് അറിഞ്ഞയുടനെ വളണ്ടിയർമാരെയും അറിയിക്കും. ഇതിലൂടെ എത്രയും പെട്ടന്ന് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ വളണ്ടിയർമാർക്ക് കഴിയും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയർ ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് വളണ്ടിയർ ടീം സജ്ജമാക്കിയത്. കൂടുതൽ പേരെ ഉൾപ്പെടുത്തി വളണ്ടിയർ ടീം വിപുലപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഫയർ ഫോഴ്‌സ് കോഴിക്കോട് അസി. ഡിവിഷനൽ ഓഫീസർ അരുൺ ഭാസ്‌കർ അറിയിച്ചു. ചടങ്ങിൽ വളണ്ടിയർമാരും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.