അക്ഷയ കേന്ദ്രങ്ങൾക്കു സമാനമായ രൂപകൽപന, പേര്, ലോഗോ എന്നിവ ഉപയോഗിച്ചു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അക്ഷയ പ്രൊജക്ട് ചീഫ് കോ ഓർഡിനേറ്റർ കൂടിയായ ജില്ല കളക്ടർ അറിയിച്ചു. സർക്കാർ മാനദണ്ഡപ്രകാരം പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചും ഉയർന്ന തുകകൾ മുടക്കിയും ഓൺലൈൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ഐടി മിഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങൾക്ക്സം സ്ഥാന സർക്കാരിന്റെ യും ഐ.ടി മിഷനിന്റെയും അംഗീകാരമുണ്ടെന്ന വ്യാജ പ്രചരണവും നടത്തുന്നുണ്ട്.

ഈ കേന്ദ്രങ്ങളിൽ സമർപ്പിക്കുന്ന വിലപ്പെട്ട വ്യക്തിഗത രേഖകളും വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി പോലീസ് ഇൻറലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുളളതാണെന്നും അറിയിപ്പിൽ വ്യക്തമാക്കി. ആധാർ, ഇ-ഡിസ്ട്രിക്ട് തുടങ്ങിയ സർവീസുകൾ സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ മുഖേന മാത്രമേ നടത്താൻ പാടുള്ളൂ.

ഇ-ഡിസ്ട്രിക്ട്, ഇ-ഗ്രാൻറ്‌സ്, ആരോഗ്യ ഇൻഷൂറൻസ്, ആധാർ തുടങ്ങി ഒട്ടുമിക്ക സർക്കാർ ഓൺലൈൻ സേവനങ്ങളും വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നതിന് ആധികാരിക സംവിധാനം അക്ഷയ കേന്ദ്രങ്ങൾക്കു മാത്രമാണ്. ഓരോ അക്ഷയ കേന്ദ്രങ്ങൾക്കും പ്രത്യേകം നൽകിയിട്ടുള്ള ലോഗിൻ ഐഡികൾ വഴി ആണ് ഇ-ഡിസ്ട്രിക്ട്, ആരോഗ്യ ഇൻഷൂറൻസ്, ഇ-ഗ്രാന്റ്‌സ്, ആധാർ തുടങ്ങിയവയുടെ അപേക്ഷകൾ സമർപ്പിക്കപ്പെടുന്നത്. ഇതിനാൽ ഓരോ അപേക്ഷയും ഏത് കേന്ദ്രം വഴിയാണ് സമർപ്പിച്ചിട്ടുള്ളത് എന്ന് കണ്ടുപിടിക്കുന്നതിനും ആധികാരികത ഉറപ്പുവരുത്തുന്നതിനും കഴിയുന്നു. സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ പൊതു ലോഗിൻ വഴി സേവനങ്ങൾ ചെയ്യുന്നതിനാൽ ഇത്തരം നിരീക്ഷണം സാദ്ധ്യമല്ല. അംഗീകൃത കേന്ദ്രങ്ങൾ വഴി നടത്തുന്ന സേവനങ്ങൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കുമ്പോൾ വ്യാജ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന സേവനങ്ങൾക്ക് നിയമപരിരക്ഷ ഇല്ല.

ചില സ്വകാര്യ ഏജൻസികൾ വൻതുക വാങ്ങിയാണു വ്യാജ ഓൺലൈൻ സേവന കേന്ദ്രങ്ങൾ തുടങ്ങാൻ സഹായിക്കുന്നതെന്നാണ് ഇൻറലിജൻസ് കണ്ടെത്തൽ. ഫ്രാഞ്ചൈസി മാതൃകയിൽ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടക്കുന്നത്. ജില്ലയിൽ 173 അംഗീകൃത അക്ഷയ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റിയുടെയും അനുമതിയോടെ, അക്ഷയ അനുവദിച്ചുകൊണ്ടുള്ള ഗവൺമെൻറ് ഉത്തരവു പ്രകാരമാണ് വിവിധ സ്ഥലങ്ങലിലേക്ക് ജില്ലാ കലക്ടർ മുഖാന്തരം വിജ്ഞാപനം നൽകുന്നത്. ഓൺലൈൻ പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമുള്ള റാങ്ക് ലിസ്റ്റ് പ്രകാരമാണ് യോഗ്യരായ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നത്. അക്ഷയ സെൻററുകളുടെ വിവരങ്ങളും സർവീസുകളും അക്ഷയയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.