ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളുടെ പരിശോധനയുടെ ഒന്നാംഘട്ടം സെപ്റ്റംബർ 15 നകം പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടം. നവംബർ ഒന്നിന്  പരിശോധന അടിസ്ഥാനമാക്കിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും. നവംബർ 15 രണ്ടാംഘട്ട പരിശോധന. തുടർന്ന് മൂന്ന് മാസത്തിലൊരിക്കൽ പരിശോധന നടത്തും. തൊഴിലാളി ക്യാമ്പുകൾക്ക് ജില്ലാ ഭരണകൂടം താഴെ പറയുന്ന മാനദണ്ഡങ്ങളും നിശ്ചയിച്ചു.

ക്യാമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം: വയൽ ചതുപ്പു പ്രദേശത്ത് നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായി സ്ഥിതി ചെയുന്ന ക്യാമ്പുകൾ അനുവദിക്കുന്നതല്ല. കെട്ടിടത്തിനോ ഷെഡിനോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നമ്പർ എങ്കിലും ഉണ്ടായിരിക്കണം.

കിടപ്പുമുറികൾ: ഒരു മുറിയിൽ ഓരോരുത്തർക്കും ചുരുങ്ങിയത്. രണ്ടര ചതുരശ്ര മീറ്റർ സ്ഥലം ഉണ്ടായിരിക്കണം. ഓരോരുത്തർക്കും സ്വതന്ത്രമായി കിടക്കുന്നതിനുള്ള സ്ഥലസൗകര്യം, ആവശ്യത്തിന് വായു സഞ്ചാരം, പ്രകാശം എന്നിവ ഉണ്ടായിരിക്കണം. കിടപ്പുമുറികളിൽ തട്ടുകളായി ഉപയോഗിക്കുന്ന തരത്തിൽ ബെഡ്ഡുകൾ ഏർപ്പെടുത്താവുന്നതാണ്. രണ്ടിൽ കൂടുതൽ തട്ടുകൾ ഒഴിവാക്കേണ്ടതാണ്. തറ ഉറച്ചതും ഈർപ്പരഹിതവുമായിരിക്കണം. വൃത്തിയായി സൂക്ഷിക്കണം.

ശുചിമുറി: 10 പേർക്ക് ഒന്ന് എന്ന തോതിൽ കക്കൂസ് ഉണ്ടായിരിക്കണം. മലമൂത്ര വിസർജ്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുവാനുളള സംവിധാനം സെപ്റ്റിക് ടാങ്ക് /ഡബിൾ സോക്ക്പിറ്റ് വേണം. വൃത്തിയായി സൂക്ഷിക്കണം.

കുളിമുറി: ഉറച്ചതറയോടുകൂടിയ കുളിമുറിയും മലിനജലം ഒഴുക്കികളയുന്നതിന് സൗകര്യവും ഉണ്ടായിരിക്കണം. ചുറ്റും മറയുണ്ടായിരിക്കണം. പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാത്ത തരത്തിൽ നിർമ്മിച്ചതായിരിക്കണം.

അടുക്കള: ഉറച്ചതറ, വായു സഞ്ചാരമുളള മുറി, പാചകം ചെയ്യുന്നതിനും സൂക്ഷിച്ചുവെയ്ക്കുന്നതിനും അടച്ചുറപ്പുളള പ്രത്യേക അടുക്കള എന്നിവ ഉണ്ടാകണം. പാത്രങ്ങൾ കഴുകുന്നതിനു പ്രത്യേകം സൗകര്യങ്ങൾ ഉണ്ടായിരിക്കണം, ദ്രവമാലിന്യങ്ങൾ  സംസ്‌കരിക്കുന്നതിന്സോക്പിറ്റ് ഉണ്ടാവണം. കിടപ്പുമുറിയിൽ അടുക്കള പാടില്ല.

ഖരമാലിന്യസംസ്‌കരണം: ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാനുള്ള സംവിധാനം, സോക് പിറ്റ്, ബയോഗ്യാസ്, കമ്പോസ്റ്റ്കുഴി, ഏറോബിക് സംവിധാനം തുടങ്ങിയ ശാസ്ത്രീയ സംവിധാനങ്ങളിൽ മുതലായവയിൽ ഏതെങ്കിലും ഉണ്ടായിരിക്കണം. പ്ലാസ്റ്റിക് പോലുള്ള അജൈ വ മാലിന്യങ്ങൾ വൃത്തിയായി സൂക്ഷിക്കണം

കുടിവെളളം: പൊതു ടാപ്പ്, കിണർ, ടാങ്കർ ലോറി വെളളം, വെള്ളം ശേഖരിക്കുന്ന ടാങ്ക് എന്നിവയിൽ ഏതെങ്കിലും ഉണ്ടായിരിക്കണം. കിണർ ആഴ്ചയിൽ ഒരിക്കലെങ്കിലും അണുനശീകരണം നടത്തേണ്ടതാണ്. പരിസരം വൃത്തിയായി സൂക്ഷിക്കണ

പൊതുശുചിത്വം: കൂത്താടി വളരുന്ന സാഹചര്യം, മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കണം.

പരിശോധനയുടെ അടിസ്ഥാനത്തിൽ തൊഴിലാളി ക്യാമ്പുകൾക്ക് സ്‌കോറിംഗ് ഏർപ്പെടുത്തും. പരിശോധനയ്ക്ക് ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, കോർപറേഷൻ സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് ഉപഡയറക്ടർ, ജില്ലാ ലേബർ ആഫീസർ, ജില്ലാ ശുചിത്വമിഷൻ കോഓർഡിനേറ്റർ എന്നിവരുൾപ്പെട്ട മോണിറ്ററിംഗ് സംഘം മേൽനോട്ടം വഹിക്കും. തദ്ദേശ സ്ഥാപന തലത്തിൽ പരിശോധനാ സംഘമുണ്ടാവും. പഞ്ചായത്ത് തലത്തിൽ പരിശോധനാ സംഘത്തിൽ വാർഡ് മെമ്പർ, പഞ്ചായത്ത് സെക്രട്ടറി/അസി. എൻജിനീയർ/ഓവർസിയർ, ഹെൽത്ത് ഇന്‌സ്‌പെക്ടർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവരുണ്ടാകും. കോർപറേഷൻ തലത്തിൽ വാർഡ് കൗൺസിലർ, കോർപറേഷൻ എഞ്ചിനീയർ, കോർപറേഷൻ ഹെൽത്ത് ഓഫീസർ/ ഇൻസ്‌പെക്ടർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവരാവും പരിശോധിക്കുക. മുനിസിപ്പൽ തലത്തിൽ വാർഡ് കൗൺസലർ, മുനിസിപ്പൽ സെക്രട്ടറി, ഹെൽത്ത് ഓഫീസർ/ ഹെൽത്ത് ഇൻസ്‌പെക്ടർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവർ പരിശോധിക്കും.