കോളറ: ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ</p>

ജില്ലയിലെ തെങ്ങിലക്കടവ് പ്രദേശത്ത് സ്ഥീരീകരിച്ച കോളറ രോഗം നിയന്ത്രണ വിധേയമായെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. കോളറ ബാധിത പ്രദേശം ജില്ലാ സർവൈലൻസ് ടീമിനൊടോപ്പം ഡി.എം.ഒ സന്ദർശിച്ചു. രോഗം ബാധിച്ച ഏഴ് പേരും സുഖം പ്രാപിച്ചതായും പുതിയ കേസുകൾ ഉണ്ടായിട്ടില്ലെന്നും സംഘം വിലയിരുത്തി. ഇപ്പോൾ നടത്തിവരുന്ന ഊർജിത പ്രതിരോധ പ്രവർത്തനം തുടരാനും വയറിളക്ക രോഗ നീരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും നിർദ്ദേശം നൽകി. വിബ്രിയോ കോളറ എന്ന രോഗാണുവിനെ കണ്ടെത്തിയ കിണർ വെളളം ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശം നൽകി. ഈ പ്രദേശത്ത് നിന്നുമുളള ഏതു തരത്തിലുളള വയറിളക്ക രോഗവും നിരീക്ഷണ വിധേയമാക്കണമെന്നും നിർദ്ദേശം നൽകി.

വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെളളം, ആഹാരം എന്നിവയിലൂടെയാണ് കോളറയുടെ രോഗാണുക്കളായ വിബ്രിയോ കോളറ ശരീരത്തിൽ കടക്കുന്നത്. ഈ രോഗാണുക്കൾ ഉൽപ്പാദിപ്പിക്കുന്ന കോളറ ടോക്‌സിൻ എന്ന വിഷ വസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. കുടിവെളളത്തിലൂടെയാണ് രോഗം പകരുന്നത്.
തിളപ്പിച്ചാറിയ വെളളം മാത്രമേ കുടിക്കാൻ പാടുളളൂ, എല്ലാ കുടിവെളള സ്രോതസ്സുകളും ശാസ്ത്രീയമായി ക്ലോറിനേഷൻ നടത്തിയെന്ന് ഉറപ്പാക്കുക, വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുക, മലമൂത്ര വിസർജ്ജനം തുറസ്സായ സ്ഥലങ്ങളിൽ നടത്തരുത്, മലവിസർജ്ജനത്തിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുക്കി വൃത്തിയാക്കുക, ആഹാരത്തിന് മുമ്പ് കൈകൾ നല്ലവണ്ണം കഴുകുന്നത് ശീലമാക്കുക, ആഹാര സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർ രോഗികൾ അല്ലെന്ന് ഉറപ്പുവരുത്തുകയും കർശന വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യുക, കുടിവെളളം മനുഷ്യ വിസർജ്യവുമായി യാതൊരു തരത്തിലും കലരുന്നില്ലെന്ന് ഉറപ്പുവരുത്തുക, വയറിളക്ക രോഗമുളളവർ നിർബന്ധമായും വൈദ്യ പരിശോധനക്ക് വിധേയമാകുക, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.