സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ റിസർച്ച് ആൻഡ് എഡുക്കേഷൻ ഫോർ സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ (ക്രെസ്റ്റ്) പട്ടികജാതി- പട്ടികവർഗ- ഒ.ഇ.സി/ഒ.ബി.സി വിഭാഗങ്ങളിലെ ബിരുദധാരികളിൽനിന്നും അഞ്ചുമാസത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രൊഫഷണൽ ഡവലപ്‌മെന്റ്  സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 40 സീറ്റുകളിൽ 28 എണ്ണം പട്ടികജാതി, എട്ടെണ്ണം പട്ടികവർഗം, നാലെണ്ണം ഒ.ഇ.സി/ഒ.ബി.സി എന്നിങ്ങനെയാണ് ലഭിക്കുക. ഉയർന്ന പ്രായപരിധി: 2017 ഒക്‌ടോബർ ഒന്നിന് 28 വയസ്സ്.

ബിരുദതലത്തിൽ ലഭിച്ച മാർക്കിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രൊഫഷണൽ ബിരുദമുള്ളവർക്കും ബിരുദാനന്തര ബിരുദമുള്ളവർക്കും മുൻഗണന ലഭിക്കും. ബിരുദ/ബിരുദാനന്തര ബിരുദ തലത്തിൽ സി.ജി.പി.എ. ഗ്രേഡ് ലഭിച്ചവർ കൃത്യമായ മാർക്ക് (തെളിവ് സഹിതം) ശതമാനത്തിൽ അറിയിച്ചിരിക്കണം. ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപരിപഠനത്തിനും സ്വകാര്യ-പൊതുമേഖലയിലെ ഉയർന്ന തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താനും വിദ്യാർഥികളെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചാണ് കോഴ്‌സ് രൂപകല്പന ചെയ്തിട്ടുള്ളത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബാംഗ്ലൂർ എന്നീ സ്ഥാപനങ്ങളുടെ ഉപദേശസഹായത്തോടെ പ്രവർത്തിക്കുന്ന 'ക്രെസ്റ്റ്' നടത്തുന്ന ഈ സർട്ടിഫിക്കറ്റ് കോഴ്‌സിൽ വിവര സാങ്കേതിക വിദ്യ, വ്യക്തിത്വവികസനം, ആശയ വിനിമയ പാടവം, വ്യവസായ സംരംഭകത്വം, അനലിറ്റിക്കൽ ആൻഡ് കോണ്ടിറ്റേറ്റീവ് സ്‌കിൽസ,് എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് എന്നിവയാണ് പഠന വിഷയങ്ങൾ. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് താമസ-ഭക്ഷണ ചെലവിനായി പ്രതിമാസം 6000 രൂപ ലഭിക്കും. 2002 മുതൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന സെന്റർ ഓഫ് എക്‌സലൻസാണ് 'ക്രെസ്റ്റ്' എന്ന പേരിൽ കേരള സർക്കാറിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായി മാറിയത്. 15 വർഷത്തിനിടെ 1000ൽ പരം വിദ്യാർഥികൾ സർട്ടിഫിക്കറ്റ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി.

കോഴ്‌സിന് പ്രവേശനം ലഭിക്കുന്നവർക്ക് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദഗ്ദ്ധരുമായും ഗവേഷകരുമായും ഇടപഴകാൻ അവസരമുണ്ടാകും. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്നവർ വയസ്സ്, സമുദായം, ബിരുദം- മാസ്റ്റേഴ്‌സ് ബിരുദം മാർക്ക്‌ലിസ്റ്റിന്റെ കോപ്പി എന്നിവ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ക്രെസ്റ്റ്, ചേവായൂർ, കോഴിക്കോട്, 673017 വിലാസത്തിൽ അപേക്ഷ അയക്കണം. അവസാന തിയ്യതി ഒക്‌ടോബർ 16.അപേക്ഷകൾ www.crest.ac.in ൽ ഓൺലൈനായും സമർപ്പിക്കാം. കോഴ്‌സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ: crest.calicut@gmail.com ഫോൺ: 0495 2355342, 2351496.