മീഞ്ചന്ത അഗ്‌നിശമന രക്ഷാനിലയത്തിന്റെ പരിധിയിലെ കമ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയർ പദ്ധതി ജില്ലാ കളക്ടർ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. അഗ്‌നിശമന രക്ഷാ സേന നേതൃത്വം നൽകുന്ന വലിയ സാമൂഹിക സേവനത്തിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈ പദ്ധതിയെന്ന് കളക്ടർ പറഞ്ഞു. സമൂഹത്തിന് വേണ്ടി മുഴുവൻ സമയവും അർപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് അഗ്‌നിശമന രക്ഷാസേന. രക്ഷാപ്രവർത്തന രംഗത്ത് വലിയൊരു ശൃംഖല ഈ പദ്ധതിയിലൂടെ ജില്ലയിൽ ഉണ്ടാക്കാൻ കഴിയും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്ന സ്ഥലങ്ങളിലും രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കാൻ വളണ്ടിയർമാർക്ക് കഴിയും. അതിലെ പ്രധാന കണ്ണികളായും വളണ്ടിയർമാരുടെ പരിശീലകരായും എയ്ഞ്ചൽസിന് പ്രവർത്തിക്കാൻ കഴിയുമെന്ന് കളക്ടർ പറഞ്ഞു.

കോഴിക്കോട് അഗ്‌നിശമന രക്ഷാ സർവ്വീസസ് ഡിവിഷനൽ ഓഫീസർ അരുൺ അൽഫോൺസ് അധ്യക്ഷത വഹിച്ചു. അസി. ഡിവിഷനൽ ഓഫീസർ അരുൺ ഭാസ്‌കർ, എയ്ഞ്ചൽസ് സ്ഥാപക ഡയറക്ടർ ഡോ. വി.പി വേണുഗോപാൽ, എക്‌സിക്യുട്ടീവ് ഡയറക്ടർ പി.പി രാജൻ, ഫിനാൻസ് ഡയറക്ടർ പി. മുഹമ്മദ് കോയ, കേരള ഫയർ ഫോഴ്‌സ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് കെ.പി ബാബുരാജ്, കേരള ഫയർ സർവീസ് അസോസിയേഷൻ പ്രസിഡൻറ് എ. ഷജിൽ കുമാർ, സ്‌റ്റേഷൻ ഓഫീസർ പി. അജിത് കുമാർ എന്നിവർ സംസാരിച്ചു.

ആതുരസേവനം, ആംബുലൻസ് സേവനം എന്നിവയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എയ്ഞ്ചൽസുമായി സഹകരിച്ചാണ് മീഞ്ചന്ത ഫയർ സ്റ്റേഷൻ പരിധിയിൽ കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളണ്ടിയർ സ്‌കീം ആരംഭിച്ചിരിക്കുന്നത്. 60 വളണ്ടിയർമാരാണ് പരിശീലനം നേടുന്നത്. ജില്ലയിൽ കോഴിക്കോട് ബീച്ച്, വെളളിമാടുകുന്ന്, മുക്കം പേരാമ്പ്ര, നരിക്കുനി എന്നീ ഫയർ സ്റ്റേഷനുകളിൽ പ്രദേശവാസികളായ 500 ഓളം പേരെ ഉൾപ്പെടുത്തി കമ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയർ സ്‌കീം പ്രവർത്തിച്ചുവരുന്നു.

അഗ്‌നിശമന രക്ഷാസേനയുടെ കൂടുതൽ മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് നൽകുക എന്ന ഉദ്ദേശ്യത്തോടെ രൂപം നൽകിയ പുതിയ കർമ്മ പദ്ധതിയാണ് കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളണ്ടിയർ സ്‌കീം. ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച് വിലപ്പെട്ട മനുഷ്യജീവനുകൾ രക്ഷിക്കുവാൻ സമൂഹത്തെ പ്രാപ്തരാക്കിയെടുക്കുക എതാണ് ലക്ഷ്യം. ദുരന്തങ്ങളുടെ മുന്നിൽ പകച്ചു നിൽക്കാതെ മനസാന്നിധ്യത്തോടെ രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ സന്നദ്ധരായ വ്യക്തികളെ കണ്ടെത്തി വിദഗ്ധമായ പ്രായോഗിക പരിശീലനം നൽകുകയാണ് ചെയ്യുന്നത്.