കോഴിക്കോട് ജില്ലയിൽ റേഷൻ മുൻഗണനാ പട്ടികയിൽനിന്ന് അനർഹരായ 15,000 പേരെ ഒഴിവാക്കിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഇതിൽ 6500 പേർ സ്വയം ഒഴിവായവരാണ്. 8500 പേരെ പരിശോധനയിൽ കണ്ടെത്തിയാണ് ഒഴിവാക്കിയത്.

റേഷൻകാർഡ് മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട അനർഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കൊടുവള്ളി, കൂടരഞ്ഞി പഞ്ചായത്തുകളിലായി നടത്തിയ റെയ്ഡിൽ അനർഹമായി മുൻഗണനാലിസ്റ്റിൽ ഉൾപ്പെട്ട 20 റേഷൻകാർഡുകൾ പിടിച്ചെടുത്തു. കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസർ കെ. മനോജ് കുമാർ, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ പി.വി. രമേശൻ, റേഷനിംഗ് ഇൻസ്‌പെക്ടർ പി.കെ. സുമേഷ് എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്‌പെക്ടർമാരുൾപ്പെട്ട സംഘം കുന്ദമംഗലം പഞ്ചായത്തിൽ മുറിയനാൽ, ചൂലാംവയൽ, പതിമംഗലം എന്നീ സ്ഥലങ്ങളിൽ പരിശോധന നടത്തി. 1000 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടും നാലുചക്ര വാഹനവും സ്വന്തമായുള്ള കുടുംബങ്ങൾ മുൻഗണനാ വിഭാഗത്തിലും മുൻഗണനേതര സബ്‌സിഡി ആനകൂല്യങ്ങളും അനധികൃതമായി കൈപ്പറ്റുന്നതായി കണ്ടെത്തി. ഇവർക്കെതിരെ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർക്ക് ശുപാർശ ചെയ്തു. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ യു.വി. അബ്ദുൾഖാദർ, കെ. സുധീർ, രമേഷ് കുമാർ, എസ്. ലളിതാഭായ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കൂടുതൽ അനർഹരെ കണ്ടെത്തി ഒഴിവാക്കുന്നതിനായി താലൂക്ക് തലങ്ങളിൽ ശക്തമായ റെയ്ഡ് നടത്താൻ ജില്ലാ സപ്ലൈ ഓഫീസർ  നിർദ്ദേശം നൽകിയിട്ടുണ്ട്. കാർഡുകൾ പിടിച്ചെടുക്കുന്നതോടൊപ്പം 2013 ഭക്ഷ്യസുരക്ഷാ നിയമ പ്രകാരവും 1955-ലെ ഇ.സി. ആക്ട് ഓർഡർ പ്രകാരവും നിയമനടപടികൾ സ്വീകരിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. പുതുക്കിയ റേഷൻ കാർഡുകൾ ഇതുവരെ കോഴിക്കോട് ജില്ലയിൽ 96 ശതമാനം വിതരണം നടത്തിക്കഴിഞ്ഞതായും അറിയിപ്പിൽ പറഞ്ഞു.